------------------------------------------------------------------------------------------------------------------------------------

03 Mar 2011
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു.മാര്‍ച്ചില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്
കൊല്ലം: കെ.എസ്.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.ദീപുലാലിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച എസ്.ഐ.മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍., കെ.എസ്.യു.പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ലാത്തിയടിയേറ്റ് ആറുപേര്‍ക്കു പരിക്കേറ്റു.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അന്‍വര്‍ സേഠ്, കടകമ്പള്ളി മനോജ്, ജോയ് മോന് തില്ലേരി, സാജന്, ഹുനൈസ് വടക്കേവിള എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്‍വര്‍ സേഠിന്റെ തോളെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. രണ്ടുപേര്‍ക്ക് കൈകളിലും മറ്റ് രണ്ടുപേര്‍ക്ക് മുതുകത്തും ഒരാള്‍ക്ക് തുടയിലും പരിക്കേറ്റു. ഇവരെ കൊല്ലം ജില്ലാ ആസ്പത്രയില്‍ പ്രവേശിപ്പിച്ചു. അന്‍വര്‍ ഒഴികെയുള്ളവരുടെ പരിക്ക് നിസ്സാരമാണ്.
വ്യാഴാഴ്ച രാവിലെ 11നാണ് മാര്‍ച്ച് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയത്. എ.ആര്.ക്യാമ്പ് ജങ്ഷനില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. പാഞ്ഞെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനെ തള്ളിമാറ്റി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഈ സമയം ഒരു പോലീസുകാരന് ലാത്തികൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചു. അടിയേറ്റ് പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടയിലാണ് മറ്റ് പ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായതോടെ സ്ഥിതി വഷളാകുമെന്ന സ്ഥിതി വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരും ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ഡി.സി.സി.പ്രസിഡന്റ് സംസാരിച്ചുനില്‍ക്കെ പോലീസ് പ്രവര്‍ത്തകരെ വളഞ്ഞുനിന്നത് വീണ്ടും പ്രകോപനം സൃഷ്ടിച്ചു. പോലീസ് പിന്മാറിയതോടെ സംഘര്‍ഷം ഒഴിഞ്ഞു.
മാര്‍ച്ചിനുശേഷം നടന്ന ധര്‍ണ ഡി.സി.സി.പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.നേതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ പോലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്ത് വധശ്രമത്തിനു കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കമ്മിറ്റി പ്രസിഡന്റ് എം.എം.സഞ്ജീവ് കുമാര്‍ ,മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദ കമാല്‍ , കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് ,ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.ജര്‍മ്മിയാസ്, സി.ആര് മഹേഷ്, സന്തോഷ് തുപ്പാശ്ശേരില്‍ ,ആര്.അരുണ്‍ രാജ്, വിനോയ് ഷാനൂര്‍, റാഫി, പനയം സജീവ്, ഷാജി ഷാഹുല്‍, വാളത്തുംഗല്‍ ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
04 Mar 2011
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി യെടുക്കണം -കെ.എസ്.യു.
കൊല്ലം: കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപുലാല്‍, അഖില്‍ മുട്ടക്കുഴി, സന്ദീപ് സദാനന്ദന് എന്നിവരെ മര്‍ദ്ദിച്ച് അവശരാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ആര്.അരുണ്‍രാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന് സമീപമുള്ള തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരുസംഘം തമിഴ്നാട്ടുകാരാണ് ബുധനാഴ്ച സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷം തീര്‍ക്കാനെത്തിയ ദീപുലാലിനെയും സംഘത്തെയും പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അരുണ്‍രാജ് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍, ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല.
ദീപുലാലിനെ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ച മോഹനന് 7 തവണ സസ്പെന്‍ഷനിലായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീപുലാലിനെയും സംഘത്തെയും മര്‍ദ്ദിച്ച മോഹനനും ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജുവിനുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കെ.എസ്.യു. നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ബി.ത്രിദീപ് കുമാര്‍, ഫൈസല്‍ കുളപ്പാടം, ഷൈന്‍ കൊടുവിള, സുമേഷ് ദാസ് എന്നിവര്‍ പങ്കെടുത്തു.
04 Mar 2011
ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചു
കൊല്ലം: എസ്സ്.പി.ഓഫീസിലേയ്ക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത പോലീസ് നടപടിയില്‍ ഡി.സി.സി. ജന.സെക്രട്ടറി പി.ജര്‍മ്മിയാസ് പ്രതിഷേധിച്ചു.
ഇടതുഭരണകാലത്ത് കുട്ടി സഖാക്കന്മാര് പോലും പോലീസ്സ്റ്റേഷന് അതിക്രമിച്ച് സാമൂഹികവിരുദ്ധന്മാരെ പോലെ പെരുമാറുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കുന്ന ഉദ്യോഗസ്ഥന്മാരാണ് യൂത്ത്കോണ്‍ഗ്രസ്സ്, കെ.എസ്.യു. പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. കെ.എസ്.യു. നേതാക്കളെ മര്‍ദ്ദിച്ച പ്രതികളുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കണം.
ഈസ്റ്റ് എസ്.ഐ., എ.എസ്.ഐ. എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മാതൃകകാട്ടാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ജര്‍മിയാസ് ആവശ്യപ്പെട്ടു.
04 Mar 2011
കെ.എസ്.യു.നേതാക്കളെ മര്‍ദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണം- ആര്.വൈ.എഫ്.(ബി.)
കൊല്ലം:കെ.എസ്.യു. സെക്രട്ടറിയടക്കമുള്ള വിദ്യാര്‍ത്ഥിനേതാക്കളെ അറസ്റ്റ് ചെയ്യുകയും ലോക്കപ്പിലടച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് ആര്.വൈ.എഫ്.(ബി.) സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദ്ദനം ഇടത് സര്‍ക്കാരിന്റെ നയമല്ലെന്ന് പറയുകയും സംസ്ഥാന നേതാക്കളടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പിലും പോലീസ് വാഹനത്തിനുള്ളിലും വച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും അന്വേഷണം പ്രഹസനമാക്കുവാനുമാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമമെന്നും അഞ്ചുവര്‍ഷത്തെ ഇടതുഭരണം പോലീസിനെ ക്രിമിനലുകളാക്കിയെന്നതിന്റെ തെളിവുകളാണിതെന്നും പറഞ്ഞു.
03 Mar 2011
പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഇന്ന്
കൊല്ലം: കെ.എസ്.യു.സംസ്ഥാന സെക്രട്ടറി ദീപുലാലിനെയും മറ്റ് രണ്ട് കെ.എസ്.യു.നേതാക്കളെയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 ന് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ലോക്സഭാ മണ്ഡലം പ്രസിഡന്റ് എം.എം.സഞ്ജീവ് കുമാര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ആരും പരാതി നല്‍കിയില്ലെന്ന പോലീസ് കമ്മീഷണറുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
03 Mar 2011
മര്‍ദ്ദനമേറ്റ കെ.എസ്.യു.ക്കാര് മെഡിക്കല്‍ കോളേജില്‍
കൊല്ലം:ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.ദീപുലാല്‍, അഖില്‍ മുട്ടക്കുഴി, സന്ദീപ് സദാനന്ദന് എന്നിവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
ഇവരെ മര്‍ദ്ദിച്ച് അവശനാക്കിയ മോഹനനും ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജുവിനെതിരെയും നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ആര്.അരുണ്‍ രാജ് ജില്ലാ ഭാരവാഹികളായ അഭിലാഷ് കുരുവിള, ഫൈസല്‍ കുളപ്പാടം, സുമേഷ് ദാസ്, ഷൈന്‍ കൊടുവിള, അനൂപ് നെടുമ്പന എന്നിവര്‍ അറിയിച്ചു.
03 Mar 2011
കെ.എസ്.യു. നേതാക്കളെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം-പനയം സജീവ്
കൊല്ലം: കെ.എസ്.യു. നേതാക്കളായ ടി.പി. ദീപുലാലിനെയും അഖില്‍ മൊട്ടക്കുഴി, സന്ദീപ് എന്നിവരെയും മര്‍ദ്ദിച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് പനയം സജീവ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിനല്‍കി. കഴിഞ്ഞദിവസം കൊട്ടിയം പോളിടെക്നിക്കില്‍ കയറി പോലീസ് ക്രൂരമര്‍ദ്ദനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുകയും എസ്.ഐ.യെ സസ്പെന്‍ഡുചെയ്യേണ്ട സ്ഥിതി സൃഷ്ടിക്കുകയും ചെയ്തതിലുള്ള പക കെ.എസ്.യു. നേതാക്കളില്‍ തീര്‍ക്കുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് പനയം സജീവ് ആരോപിച്ചു.
02 Mar 2011
കൊല്ലത്ത് കെ.എസ്.യു നേതാക്കള്‍ക്ക് പൊലീസ് ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനം
കൊല്ലം: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടിപി ദിപുലാല്‍ അടക്കം മൂന്ന് കെഎസ്യു നേതാക്കളെ ഈസ്റ്റ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞദിവസം കൊട്ടിയം പോളിടെക്നിക്കില്‍ കയറി പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുകയും, എസ്ഐയെ സസ്പെന്‍ഡ് ചെയ്യേണ്ട സ്ഥിതി
സൃഷ്ടിക്കുകയും ചെയ്തതിലുള്ള പക കെഎസ്യു നേതാക്കളില്‍ തീര്‍ക്കുകയായിരുന്നുവെന്ന് ആരോപണം ഉണ്ട്. തിങ്കളാഴ്ച രാത്രി കെഎസ്യു സംസ്ഥാന സമ്മേളനത്തിന്റെ ഫ്ളെക്സ് ബോര്‍ഡുകള്‍ കൊല്ലം റെയില്‍വേ സ്റ്റേഷ്ന് മുന്നില്‍ വയ്ക്കാന്‍ നിന്ന ദീപുലാല്‍, മുന്‍ ജില്ലാ സെക്രട്ടറി അഖില്‍ മൊട്ടക്കുഴി, സന്ദീപ് സദാനന്ദന് എന്നിവരെ ഈസ്റ്റ് അഡീഷണല്‍ എസ്ഐ മോഹനനും സംഘവും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്ഐയെ സസ്പെന്‍ഡ് ചെയ്താല്‍ നിന്റെ കടിതീരുമോയെന്ന് ചോദിച്ചു മര്‍ദ്ദനം തുടങ്ങിയതായി ദീപുലാല്‍ പറഞ്ഞു. കൈ പിന്നില്‍ നിന്ന് കെട്ടി വായില്‍ ബലമായി മദ്യംഒഴിച്ച് പിന്നീട് ഇവരെ പോലീസ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ചും മര്‍ദ്ദിക്കാന്‍ ശ്രമിച്ച അഡീഷണല്‍ എസ്ഐ മോഹനന്റെ കാല് തെറ്റി മറിഞ്ഞ്വീണ് തലപൊട്ടി. അതോടെ എസ്ഐയുടെ തല അടിച്ചുപൊട്ടിച്ചുവെന്ന പ്രചരണം നടത്തി ഇടിതുടങ്ങി.
നേതാക്കളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. എസ്ഐയെ വധിക്കാന്‍ ശ്രമിച്ചുവെന്നുള്ള കള്ളക്കേസെടുത്തായിരുന്നു ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയത്.
നേരെ നില്ക്കാന്പോലും വയ്യാത്ത വിദ്യാര്‍ഥികളെ കണ്ട് ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം ലിജു, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂരജ് രവി, മുന്‍ ജില്ലാ പ്രസിഡന്റ് സിആര്‍ മഹേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി ജര്‍മ്മിയാസ് എന്നിവര്‍ ആശുപത്രിയിലെത്തി. ഇതിനകം വിദ്യാര്‍ഥി നേതാക്കളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരിക്കാന്‍ മന്ത്രി ഓഫീസുകളില്‍ നിന്ന് മാറി മാറി വിളിവന്നു. കോടതി ഇടപ്പെട്ട് ടിപി ദീപുലാല്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥി നേതാക്കളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-------------------------------------------------------------------------------------
03 Mar 2011
കെ.എസ്.യു സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍
രാഹുല്‍ ഗാന്ധി നാളെയെത്തും
കോഴിക്കോട്: വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അവകാശപോരാട്ടങ്ങളില്‍ തേജോമയ അധ്യായം എഴുതിച്ചേര്‍ത്ത കേരളാ വിദ്യാര്‍ത്ഥി യൂണിയന് സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തിന് സാമൂതിരിയുടെ തട്ടകം ഒരുങ്ങി.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് പതാക-കൊടിമര-ഛായാചിത്ര ജാഥകള്‍ തൊണ്ടയാട് ജംഗ്ഷനില്‍ സംഗമിക്കും. ജാഥകള്‍ വൈകീട്ട് നാലരയ്ക്ക് സമ്മേളന നഗരിയായ ഇന്ദിരാജി നഗറില്‍ (കോഴിക്കോട് കടപ്പുറം) എത്തിച്ചേരും. ഷാഫി പറമ്പില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കും. തുടര്‍ന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി യോഗം ചേരും. എന്‍ എസ് യു പ്രസിഡന്റ് ഹൈബി ഈഡന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ-സംഘടനാ-വിദ്യാഭ്യാസ പ്രമേയങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
നാളെ രണ്ടുമണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍നിന്ന് കാല്‍ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലി ആരംഭിക്കും. തുടര്‍ന്ന് കടപ്പുറത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന പൊതുസമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ വി തോമസ്, കെ സി വേണുഗോപാല്‍, എന്‍ എസ് യു പ്രസിഡന്റ് ഹൈബി ഈഡന്, എന്‍ എസ് യു സെക്രട്ടറി എസ് ശരത് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്യും. പൊതുസമ്മേളനത്തിന് ശേഷം കലാസന്ധ്യ അരങ്ങേറും.
അഞ്ചിന് രാവിലെ ഒമ്പത് മണിയ്ക്ക് രാജീവ്നഗറില്‍ (ആശിര്‍വാദ് ലോണ്‍സ്) നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യ-വ്യോമയാന മന്ത്രി വയലാര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കെ എസ് യു സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച വിദ്യാഭ്യസ-സംഘടനാ-രാഷ്ട്രീയ കരട് പ്രമേയങ്ങളുടെ അന്തിമരൂപം പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ കേന്ദ്ര സഹമന്ത്രി സച്ചിന് പൈലറ്റ്, മുഹമ്മദ് അസ്ഹറുദ്ദീന് എംപി, ശശി തരൂര്‍ എംപി, മീനാക്ഷി നടരാജന് എം പി, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എം എല്‍ എമാര്‍, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍ സംബന്ധിക്കും. നാലുമണിയ്ക്ക് നടക്കുന്ന സാംസ്കാരിക സംഗമം എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം ജി എസ് നാരായണന്, എം വി ദേവന്, അക്ബര്‍ കക്കട്ടില്‍, നടന് ദേവന്, സംവിധായകന് രഞ്ജിത്ത്, യു കെ കുമാരന്, കെ പി സുധീര തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം അഞ്ചുമണിയ്ക്ക് ഇന്നലെകളില്‍ പ്രസ്ഥാനത്തിന്റെ പതാക ഏന്തിയവരുടെ കുടുംബസംഗമം നടക്കും. കെഎസ്യു സ്ഥാപക പ്രസിഡന്റ് ജോര്‍ജ് തരകന് മുതലുള്ള മുന്‍ സംസ്ഥാന പ്രസിഡന്റുമാരും മുന്‍ ഭാരവാഹികളും പങ്കെടുക്കും. ആറിന് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ സമ്പൂര്‍ണ സമ്മേളനത്തിന് സമാപനം കുറിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എസ് ജോയ്, ജി മഞ്ജുക്കുട്ടന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സോയാ ജോസഫ്, ഒ.ശരണ്യ സംബന്ധിച്ചു.
-------------------------------------------------------------------------------------







